കുളത്തൂപ്പുഴ: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ ദമ്പതികള്‍ കുളത്തുപ്പുഴ പോലീസിന്റെ പിടിയിലായി. കുളത്തൂപ്പുഴ കടമാന്‍കോട് രമ്യാ ഭവനില്‍ രമ്യ, ഭര്‍ത്താവ് കൊല്ലം കല്ലുംതാഴം ഗീതാ ഭവനില്‍ വിഷ്ണു എന്നിവരാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ആഗ്സ്റ്റ്16ന് കുളത്തൂപ്പുഴ യു പി സ്കൂള്‍ കവലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണമാണെന്ന് ധരിപ്പിച്ച് മുക്കുപണ്ടം പണയപ്പെടുത്തി 74000 രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി സ്വര്‍ണക്കടയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ പ്രദേശത്തു നിന്നും കടന്നു കളഞ്ഞ പ്രതികള്‍ വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.